Blog

പാക് അധിനിവേശ കശ്മീരിൽ അണയാതെ പ്രതിഷേധം ; മരണസംഖ്യ ഒമ്പത് കവിഞ്ഞു

പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎസി) യും സർക്കാരും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെ സബ്‌സിഡികൾ പോലെ കിഴിവ് നിരക്കിൽ വൈദ്യുതിയും ഗോതമ്പും വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 38 ഇന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. എന്നാൽ, പഞ്ചാബിൽ നിന്ന് സൈന്യത്തെ ഇറക്കി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. മുസാഫറാബാദിൽ അഞ്ച് പേരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാൽ മേഖലകളിൽ രണ്ട് പേരും കൊല്ലപ്പെട്ടു. കുറഞ്ഞത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പാകിസ്ഥാൻ നിയമിച്ച പി‌ഒ‌കെ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ പരോക്ഷമായി രം​ഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും ആസാദ് കശ്മീരിൽ അക്രമം ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശത്രുവിന് അതിൽ നിന്ന് പ്രയോജനം ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ പേര് പറയാതെ പി‌ഒ‌കെ പ്രധാനമന്ത്രി ചൗധരി അൻവർ-ഉൾ-ഹഖ് പറഞ്ഞു.

പ്രതിഷേധക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് പ്രക്ഷോഭങ്ങൾ ഫലം കാണില്ലെന്നും അൻവർ-ഉൾ-ഹഖ് അവകാശപ്പെട്ടു. പി‌ഒ‌കെ പ്രതിഷേധങ്ങൾ ഇന്ത്യക്ക് പ്രയോജനം ചെയ്യുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങളും ആരോപിച്ചു. പ്രതിഷേധങ്ങളെക്കുറിച്ചുള്ള നുണകളുടെ കൊടുങ്കാറ്റ് പുതിയ കാര്യമല്ലെന്നും ന്യൂഡൽഹിയിലെ വളരെ പഴയതും വളരെ ക്ഷീണിതവുമായ ഒരു പുസ്തകത്തിലെ ഏറ്റവും പുതിയ അധ്യായമാണിതെന്നും ഡെയ്ലി പാകിസ്ഥാൻ എന്ന മാധ്യമം എഴുതി. ഇന്ത്യയുടെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ റോയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്കുകൾ ഉപയോ​ഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജങ്ങളുടെ പ്രളയം നിറച്ചുവെന്നും വ്യാജ വീഡിയോകൾ, കൃത്രിമ ചിത്രങ്ങൾ, ബന്ധമില്ലാത്ത ക്ലിപ്പിംഗുകൾ എന്നിവ വീണ്ടും പാക്കേജുചെയ്‌ത് സായുധ കലാപത്തിന്റെ തെളിവായി അവതരിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button