
ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. സെനറ്റ് യോഗത്തിന് മുന്‍പ് വി സി പ്രത്യേക സെനറ്റ് യോഗം വിളിച്ചു. നവംബര്‍ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടലംഘനമായതോടെയാണ് ഒക്ടോബര്‍ നാലിന് പ്രത്യേക സെനറ്റ് യോഗം വിസി വിളിച്ചത്. 40 ദിവസത്തിനുള്ളില്‍ സെനറ്റ് യോഗം ചേരണം എന്നുള്ള കേരള സര്‍വകലാശാലയുടെ ചട്ടം മറികടന്നാണ് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ നവംബര്‍ ഒന്നിന് ആദ്യം സെനറ്റ് യോഗം വിളിച്ചത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പങ്കെടുക്കുവാന്‍ വേണ്ടിയായിരുന്നു നവംബര്‍ ഒന്നിന് യോഗം വിളിച്ചത്.
തുടര്‍ന്ന് വിഷയം വിവാദമായ പശ്ചാത്തലത്തില്‍ ചട്ട ലംഘനം മറികടക്കുന്നതിനായി, പ്രത്യേക സെനറ്റ് യോഗം ഒക്ടോബര്‍ നാലിന് വി സി വിളിച്ചു. ഒക്ടോബര്‍ 16 ന് സെനറ്റ് യോഗം ചേര്‍ന്നിട്ട് ഒരു മാസം ആകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ചട്ടലംഘനം ഒഴിവാക്കാനുള്ള വിസിയുടെ നടപടി. എന്നാല്‍ നവംബര്‍ ഒന്നിന് ചേരാന്‍ തീരുമാനിച്ച സെനറ്റ് യോഗത്തിന് മാറ്റമില്ല. അത് ഒഴിവാക്കാതെയാണ് പ്രത്യേക സെനറ്റ് യോഗം ചേരാനുള്ള തീരുമാനം വി സി കൈകൊണ്ടത്. പ്രത്യേക സെനറ്റ് യോഗത്തില്‍ ആകട്ടെ പ്രധാനപ്പെട്ട കൂടുതല്‍ അജണ്ടകളും ഉള്‍പ്പെടുത്തിയിട്ടില്ല. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകരിക്കല്‍ മാത്രമാണ് അജണ്ടയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് വിഷയങ്ങള്‍ നവംബര്‍ ഒന്നിന് ചേരുന്ന സെനറ്റില്‍ പരിഗണിക്കാനാണ് വൈസ് ചാന്‍സലര്‍ നീക്കം നടത്തിയത്. വി സിയുടെ അസാധാരണ നീക്കങ്ങളില്‍ ഉള്ള വിയോജിപ്പ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ രേഖപ്പെടുത്തി.


