
മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കെ ടി ജലീലിന് ഇപ്പോള്‍ വെള്ളം വെള്ളം എന്ന് പറഞ്ഞാല്‍ ചാടുന്ന മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയായിട്ടുണ്ടെന്ന് പി കെ ഫിറോസ് പരിഹസിച്ചു. ബേജാറ് കൊണ്ട് ഭ്രാന്തായതാണോ ഇനി ഭ്രാന്ത് അഭിനയിക്കുകയാണോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി കെ ഫിറോസിന്റെ പരിഹാസം.
‘എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തവരെയെല്ലാം എന്റെ പാര്ട്ണര്മാരാക്കിയും ഞാന്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങളെല്ലാം എന്റെ സ്ഥാപനങ്ങളാക്കിയും ഒരിക്ക എന്തൊക്കെയോ വിളിച്ച് പറയാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. മലയാളം സര്‍വകലാശാലയുടെ ഭൂമിക്കൊള്ള അന്വേഷിച്ചിറങ്ങിയപ്പോള്‍ തുടങ്ങിയതാണിത്. 17.5 കോടി നികുതിപ്പണം കട്ടിട്ടുട്ടെങ്കില്, അത് കൊള്ളയടിക്കാന്‍ സ്വന്തം കൈപ്പട കൊണ്ട് എഴുതി ഒപ്പിട്ട് കൂട്ടു നിന്നിട്ടുണ്ടെങ്കില്‍ പലിശ അടക്കം തിരിച്ചു പിടിക്കുക മാത്രമല്ല ഇക്കാനെയും കുറുവ സംഘത്തെയും ജയിലഴി എണ്ണിക്കുക തന്നെ ചെയ്യും. മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച യൂത്ത് ലീഗാണ് പറയുന്നത്’, പി കെ ഫിറോസ് പറഞ്ഞു.




