കര്‍ണാടക സിഐഡിക്ക് ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്കാന് തയ്യാറാവുന്നില്ല; രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വീണ്ടും വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടക സിഐഡിക്ക് ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്കാന് തയ്യാറാവുന്നില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ട് ചോരി നടത്തിയാണ് തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചത്. മറ്റൊരു ഹൈഡ്രജന്‍ ബോംബ് കൂടി ഉടന്‍ ഉണ്ടാകും. കൃത്യമായ തെളിവുകളാണ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. കള്ള വോട്ട് നടത്താന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അടുത്ത ഹൈഡ്രജന്‍ ബോംബിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ ‘ഹൈഡ്രജന്‍ ബോംബ്’ അല്ല പുറത്തുവിടുന്നതെന്ന് വ്യക്തമാക്കിയതോടെ എന്തായിരിക്കും ആ ‘ഹൈഡ്രജന്‍ ബോംബെ’ന്ന ആകാംക്ഷയിലാണ് ഏവരും. വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ നീക്കുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലും സംഘടിതമായ ശക്തിയും ബുദ്ധികേന്ദ്രവുമുണ്ടെന്നാണ് ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കുറ്റപ്പെടുത്തുന്നതിലേക്ക് രാഹുല്‍ എത്തിയിരുന്നു.




