ആഗോള അയ്യപ്പ സംഗമം നാളെ ; പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി, മുഖ്യമന്ത്രി പമ്പയിലെത്തി

ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെയാണ് ആഗോള അയ്യപ്പ സംഗമം നടക്കുക. ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടോടെ പമ്പയിലെത്തി. ഇന്ന് രാത്രി പമ്പയിലായിരിക്കും മുഖ്യമന്ത്രി തങ്ങുക. തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല അയ്യപ്പന്‍റെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയതിന്‍റെ പാപം തീർക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം വലിയ സമരത്തിലേക്ക് നീങ്ങുകയാണെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗമം സംഘടിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.


