ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച സംഭവം; പൊലീസ് കേസെടുത്തു

ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ചു എന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കണ്ടാല്‍ അറിയാവുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. എംഎല്‍എയുടെ കല്‍പ്പറ്റ ഓഫീസില്‍ നാശം വരുത്തി എന്ന പരാതിയിലാണ് കേസ്. വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഓഫീസിന് ഷട്ടര്‍ ഇടണമെന്നും ജോലി ചെയ്യുന്നവര്‍ പുറത്ത് പോകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
കല്‍പ്പറ്റ നഗരത്തില്‍ ഇറങ്ങാന്‍ ടി സിദ്ദിഖിനെ അനുവദിക്കില്ലെന്ന് ഭിഷണിപ്പെടുത്തിയതിന് പിന്നാലെയാണ് നഗരത്തിലുടെ നടന്ന് പ്രതിഷേധം അറിയിച്ചത്. മാര്‍ച്ച് നടത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ ഭീഷണിയും ധിക്കാരവും വിലപ്പോകില്ലെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം,മാര്‍ച്ചിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ടി സിദ്ധിഖ് എംഎല്‍എയുടെ ഓഫീസില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയില്‍ ആയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സിപിഐഎം പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണ പാര്‍ട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയാണ്. നിയമവിരുദ്ധമായ എന്ത് പ്രവൃത്തി ചെയ്യാനും സിപിഐഎം ക്രിമിനലുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എംഎല്‍എയുടെ ഓഫീസിന് നേരെ നടന്നത് ഡിവൈഎഫ്‌ഐയുടെ കാടത്തമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.