Kerala

എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പ്രതികരണവുമായി സണ്ണി ജോസഫ്

തൃശൂര്‍: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയന്‍റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പൈസയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. 

വടക്കാഞ്ചേരി പൊലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ കെഎസ്‌യു പ്രവർത്തകരെ വിയ്യൂർ ജില്ലാ ജയിലിലെത്തി സന്ദര്‍ശിച്ചശേഷമാണ് വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്.രാഷ്ട്രീയ എതിരാളികൾക്കെതിരെ പൊലീസിനെ ആയുധമാക്കുന്നത് പിണറായിയുടെ തെറ്റായ പൊലീസ് നയമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്തും ചോദ്യം ചെയ്യും. വയനാട് സംഭവം പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് വസ്തുനിഷ്ഠമായ ഒരു അന്വേഷണം ആദ്യമേ തന്നെ നടത്തിയിരുന്നെങ്കിൽ നിരപരാധി എന്ന് ഇപ്പോൾ പറയുന്ന തങ്കച്ചൻ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നില്ല. കാർപോർച്ചിൽ മദ്യവും സ്ഫോടക വസ്തുവും വെച്ചന്ന് ആരെങ്കിലും പറഞ്ഞാൽ അതിന്‍റെ വിശ്വാസതയായിരുന്നു പൊലീസ് ആദ്യം അന്വേഷിക്കേണ്ടത്. നിരപരാധിയായി തങ്കച്ചനെ 17 ദിവസം റിമാന്‍ഡ് ചെയ്യേണ്ടിവന്നത് പൊലീസിന്‍റെ വീഴ്ചയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button