പി പി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല. പൊതുദർശനം വേണ്ടെന്ന പി പി തങ്കച്ചന്റെ ആഗ്രഹപ്രകാരമാണ് തീരുമാനം. നാളെ രാവിലെ 11 മണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിൽ എത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്കാരം നടക്കുക.
ഇന്ന് വൈകീട്ട് 4 .30 ഓടെയാണ് പി പി തങ്കച്ചൻ അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകീട്ട് മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം, പി പി തങ്കച്ചന്റെ വേർപാടിന്റെ വേദനയിലാണ് പെരുമ്പാവൂർ. മുനിസിപ്പൽ ചെയർമാൻ മുതൽ മന്ത്രിയായിരുന്ന കാലത്തും സഹപ്രവർത്തകരോടും സ്റ്റാഫിനോടും സൗമ്യമായ പെരുമാറ്റം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഓർത്തെടുക്കുകയാണ് നാട്ടുകാർ. ഭാര്യ തങ്കമ്മ വിടപറഞ്ഞ ഓർമദിനത്തിൽ തന്നെയാണ് തങ്കച്ചനും ഓർമകളിലേക്ക് മായുന്നത്.

