ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന്റെ വോട്ട് ചോര്‍ച്ചയിൽ ചർച്ച സജീവം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്റെ വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നും വോട്ട് ചോര്‍ച്ച. പ്രതിപക്ഷ നിരയില്‍ നിന്നും 15 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലഭിച്ചെന്നാണ് വിലയിരുത്തല്‍.
ജയ സാധ്യത ഇല്ലെങ്കിലും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുക, പ്രതിപക്ഷ ഐക്യം വ്യക്തമാക്കുക എന്നിവയായിരുന്നു സുദര്ശന് റെഡ്ഡിയെ സ്ഥാര്ഥിയാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വച്ച തന്ത്രം. ഇത് പ്രകാരം 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടല്‍. വോട്ടെടുപ്പില്‍ പ്രതിപക്ഷത്തെ 315 എംപിമാര്‍ വോട്ടു ചെയ്യുകയും ചെയ്തു.ഇക്കാര്യം കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്സില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ സുദര്ശന് റെഡ്ഡി നേടിയത് ആകെ 300 വോട്ടുകളായിരുന്നു.
തെരഞ്ഞെടുപ്പില്‍ ബിആര്‍എസ്, ബിജെഡി, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടു ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്രരുമടക്കം 13 എംപിമാര്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നില്ല, പോസ്റ്റല്‍ ബാലറ്റ് വഴി ഒരാള്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും വരണാധികാരി അംഗീകരിച്ചില്ല. ഇന്ത്യ സഖ്യത്തില്‍ നിന്നും വോട്ട് ലഭിക്കുമെന്ന് നേരത്തെ ബിജെപി ക്യാംപ് അവകാശപ്പെട്ടിരുന്നു.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ 439 വോട്ട് മാത്രമായിരുന്നു എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നത്. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് 452 വോട്ട് നേടി. എതിര്‍പാളയത്തില്‍ നിന്നുള്‍പ്പെടെ വോട്ടുനേടിക്കൊണ്ടുള്ള സി പി രാധാകൃഷ്ണന്റെ വിജയവും അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയും പ്രതിപക്ഷത്തും ചര്‍ച്ചകള്‍ സജീവമാക്കും.