മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിന്റെ പ്രസ്താവന; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും യുഎസിനുമിടയില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന. ട്രംപിന്റെ പ്രസ്താവനയോട് യോജിപ്പ് പ്രകടമാക്കി മോദി. മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിന്റെ പ്രസ്താവനയെ മോദി സ്വാഗതം ചെയ്തു. ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനോട് പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.
ഇന്നലെയാണ് ഇന്ത്യ- യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേര്‍ന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിന്റെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
മോദിയും ഷി ജിന്‍പിങും പുടിനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം നല്‍കിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിച്ചത്. രണ്ടു രാജ്യങ്ങളും സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് മാറി എന്ന സന്ദേശമാണ് തന്റെ സഖ്യകക്ഷികള്‍ക്ക് ട്രംപ് നല്‍കിയത്. മൂന്ന് രാജ്യങ്ങള്‍ക്കും ഒന്നിച്ച് നീണ്ട സമൃദ്ധ ഭാവിയുണ്ടാകട്ടെ എന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സഹകരണം മുന്നോട്ടു കൊണ്ടു പോകണം എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ ഇത് പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ യുക്രെയിന്‍ യുദ്ധം മോദിയുടെ യുദ്ധമാണെന്ന് വിശേഷിപ്പിച്ചത് അസ്വീകാര്യമെന്നും വിദേശകാര്യമന്ത്രാലയം ആഞ്ഞടിച്ചു.
