പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

ഐസ്വാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-ന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ബൈറാബി-സൈറാങ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിസോറാമിലെ ഐസ്വാളില്‍ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2023 മെയ് മാസത്തില്‍ വംശീയ അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള അന്തിമ ഷെഡ്യൂള്‍ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ഇംഫാലിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളിലെയും നിയമപാലകരെയും ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍, ട്രാഫിക് മാനേജ്‌മെന്റ്, സ്വീകരണ പരിപാടികള്‍, തെരുവുകള്‍ അലങ്കരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

