
ചൈന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പരിഹാസം. ചൈനയില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ ഭീരുത്വം തുളുമ്പുന്ന ഒച്ചപ്പാടെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഡ്രാഗണ്‍ എന്ന് അവകാശപ്പെട്ടവര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്നും ‘ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍-ചൈന ‘ജുഗല്‍ബന്ദി’യെക്കുറിച്ചുള്ള മോദി കൈക്കൊണ്ട മൗനം ‘ദേശവിരുദ്ധ’മാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
ചൈന വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ട നിലപാടുകള്‍ സ്വീകരിക്കുന്നു. ഷി ജിന്‍പിങ്ങിനെ കണ്ട മോദി ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്ന് പറയുന്നു. ഈ നിലപാട് ഡ്രാഗണിന് മുന്നില്‍ ആന കീഴടങ്ങുന്നതിന് തുല്യമാണ്. ‘ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനുമായുള്ള ചൈനയുടെ ജുഗല്‍ബന്ദിയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി ഷി ജിന്‍പിങ്ങിനെ കണ്ടപ്പോള്‍ മൗനം പാലിച്ചു. ഇത് ദേശവിരുദ്ധമാണ്. 56 ഇഞ്ച് നെഞ്ചളവുള്ള നേതാവെന്ന് സ്വയം വിശേഷിപ്പിച്ച നേതാവ് ഇപ്പോള്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. 2020 ജൂണ്‍ 19 ലെ ഗാല്‍വാന്‍ സംഭവത്തില്‍ ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അദ്ദേഹം ദേശീയ താല്‍പ്പര്യത്തെ വഞ്ചിച്ചു. 2025 ഓഗസ്റ്റ് 31, ടിയാന്‍ജിനില്‍ നടത്തിയ പ്രതികരണം മോദിയുടെ ഭീരുത്വം നിറഞ്ഞ വഞ്ചനയ്ക്ക് കുപ്രസിദ്ധി നേടിയ ദിവസമായി മാറും, എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണം എന്നും ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. അടുത്തിടെ, പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമാണ് കണ്ടത്. ദുഃഖത്തിന്റെ ആ മണിക്കൂറുകളില്‍ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം, പുടിനൊപ്പമാണ് ഉച്ചകോടി വേദിയില്‍ മോദി എത്തിയത്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിന്‍പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.