അബിഷൻ ജീവിന്ത് ആദ്യമായി നായകനാകുന്നു ; നായിക അനശ്വര രാജൻ, ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും

സൗന്ദര്യ രജനീകാന്തിന്റെ ഉടമസ്ഥതയിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനം നർവ്വഹിക്കുന്നത് മദൻ ആണ്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖർ സിനിമ ഷൂട്ടിങിന് മുന്നോടിയായി ഇന്ന് നടന്ന പൂജയിൽ പങ്കെടുത്തു. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ സംവിധായകൻ അബിഷൻ ജീവിന്താണ് ഈ റൊമാന്റിക് ഡ്രാമയിലെ നായകൻ. അബിഷൻ ആദ്യമായി നായകനാകകുന്ന ചിത്രംകൂടിയാണ് ഇത്. മലയാളത്തിലെ പ്രശസ്ത നായികാ താരം അനശ്വര രാജനാണ് സിനിമയിലെ നായിക. പുതുമയുള്ള കഥ പറയുന്ന സിനിമ യുവപ്രേക്ഷകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
ഗുഡ് നൈറ്റ്, ലൌവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ എംആർപി എന്റർടൈൻമെന്റ്, ഈ ചിത്രത്തിനായി സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി കൈകോർക്കുന്നു. ചിത്രത്തിലെ മറ്റു അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ഒരു മികച്ച ക്രിയേറ്റീവ് ടീം, കഴിവുള്ള അഭിനേതാക്കൾ, മികച്ച നിർമ്മാണ പിന്തുണ എന്നിവയുള്ള ഈ പേരിടാത്ത ചിത്രം വരും വർഷത്തെ ഏറ്റവും മികച്ച റിലീസുകളിലൊന്നായി മാറും. സിനിമയുടെ ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, പബ്ളിസിസ്റ്- ശബരി.


