
രാഹുൽ മാങ്കൂട്ടത്തിന്റെ രാജിയെ തുടർന്ന് യൂത്ത് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. രാഹുൽ രാജിവെച്ചിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. സംസ്ഥാനത്ത് അഭിപ്രായ ഐക്യമുണ്ടാക്കി ഒറ്റ പേര് ദേശീയ നേതൃത്വത്തിന് സമർപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദേശം. അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്നും, അതാണ് സംഘടനാ കീഴ് വഴക്കമെന്നും ആവർത്തിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നാണ് വീണ്ടും പുനരാരംഭിച്ചത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പരിഗണിച്ചില്ലെങ്കിൽ സ്ഥാനമൊഴിയുമെന്നാണ് അബിൻ വർക്കിയുടെ നിലപാട്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭുരിഭാഗം അംഗങ്ങളും അബിൻ വർക്കി സംസ്ഥാന അധ്യക്ഷനാവണമെന്ന നിലപാടുകാരാണ്. അബിൻ വർക്കിയെ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗത്വം രാജിവെക്കുമെന്നുള്ള അംങ്ങളുടെ നിലപാടും കമ്മിറ്റി അംഗങ്ങൾ കെ പി സി സി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കയാണ്.
അബിൻ വർക്കിയെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വീണ്ടും ഹൈക്കമാന്റിന് കത്തയച്ചു. രാഹുൽ രാജി പ്രഖ്യാപിച്ച അതേദിവസം തന്നെ ചെന്നിത്തല എ ഐ സി സി നേതൃത്വത്തിന് മുന്നിൽ അബിൻ വർക്കിയെ പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.



