
ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെ പരിഹസിച്ച് ഭാര്യ ഡോ. സൗമ്യ സരിന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൗമ്യ സരിന്റെ പരിഹാസം.
ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കല്‍ പിക് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും 1996 ഇല്‍ ഞാന്‍ കണ്ട ഇന്ദ്രപ്രസ്തം സിനിമയില്‍ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ടെന്നും സൗമ്യ സരിന്‍ കുറിപ്പില്‍ പറയുന്നു. പ്രൊഫഷെനല്‍ ക്വാളിറ്റി കളയാതെ നോക്കണമെന്നും സൗമ്യ കുറുപ്പില്‍ പറയുന്നു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. നേതാവിനെ സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍
കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ഫോട്ടോ എന്റെ പോസ്റ്റുകള്‍ക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ… അയ്യേ… അയ്യയ്യേ… എന്താടെ? എന്ത് പണിയാണ് വെച്ചിരിക്കുന്നത്???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കല്‍ പിക് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല… ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാന്‍ കഴിവുള്ള ആരും അവിടെ ഇല്ലേ? 1996 ഇല്‍ ഞാന്‍ കണ്ട ഇന്ദ്രപ്രസ്തം സിനിമയില്‍ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്… അത്യാവശ്യമായി ടീമിലേക്ക് പണിയറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം… പെട്ടെന്ന് തന്നെ… പണി കൂടാന്‍ പോകുകയല്ലേ… അപ്പോ പ്രൊഫഷെനല്‍ ക്വാളിറ്റി കളയാതെ നോക്കണം… എന്ന് ഒരു അഭ്യൂദയകാംക്ഷി.