
അഞ്ചുവയസുകാരന്റെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍. കുശിനഗര്‍ എക്‌സ്പ്രസിലെ എസി കോച്ചിലെ ശുചി മുറിയില്‍ നിന്നാണ് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ച രാവിലെ കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലില്‍ വെച്ച് കുശിനഗര്‍ എക്‌സ്പ്രസിന്റെ (22537) എസി കോച്ച് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളിലൊരാള്‍ സ്റ്റേഷന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗുജറാത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ അഞ്ചുവയസ്സുള്ള മകനെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയതായി വെള്ളിയാഴ്ച രാത്രി സൂറത്തിലെ പൊലീസില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നും മൃതദേഹം ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നില്‍ എങ്ങനെ എത്തിയെന്നും കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.