
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. അബിൻ്റെ ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ബാഹുബലി സിനിമയിലെ ക്ലൈമാക്സ് രംഗത്തിൻ്റെ ചിത്രമുള്ള പോസ്റ്റർ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് രാഹുൽ അനുകൂലികളുടെ പ്രതിഷേധം. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ പറഞ്ഞതോടെ വാട്സ്അപ്പിൽ തർക്കം മൂത്തു. ഇതോടെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു ദേശീയ നേതൃത്വം.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി.
അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും.