
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നത് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇ മെയില്‍ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ക്കും ഹണി പരാതി നല്‍കിയത്. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നാണ് ഹണി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പരാതി നല്‍കിയ കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഭാസ്‌കരന്‍ പുറംലോകത്തെ അറിയിച്ചത്. ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരമോന്നതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണ്. നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ ? പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം- ഹണി ഭാസ്‌കരന്‍ പോസ്റ്റില്‍ കുറിച്ചു.
സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്കു ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക്ക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്. ഹണി ഭാസ്കരൻ കുറിച്ചു.