നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണം; പോലീസില്‍ പരാതി

കൊച്ചി: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലില്‍ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകള്‍ സമരം ആരംഭിച്ചു. രാഹുലിന്റെ പാലക്കാടുള്ള എംഎല്‍എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഡിവൈഎഫ്‌ഐയും എംഎല്‍എ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലക്‌സിന് പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചു. ഡിവൈഎഫ്‌ഐ വയനാട്ടിലും പ്രതിഷേധം നടത്തി. രാഹുലിന്റെ കോലം കത്തിച്ചു.
രാഹുല്‍ മാങ്കൂട്ടം ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്ന് കെ കെ ശൈലജ എംഎല്‍എ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമാണ്. കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല വിഷയമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലുണ്ടെന്നും ശൈലജ വിമര്‍ശിച്ചു.