യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റും; അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത്, ജെഎസ് അഖില്‍ പരിഗണനയെന്ന് സൂചന

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചാല്‍, അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത്,ജെഎസ് അഖില്‍ എന്നിവരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎല്‍എ സ്ഥാനത്ത് തല്‍ക്കാലം തുടരും.
രാഹുല്‍ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സില്‍ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചര്‍ച്ച നടക്കുന്നത്. വിഷയത്തില്‍ രാഹുല്‍ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കില്‍ രാഹുല്‍ വിശദീകരിക്കണമെന്നും കൂടുതല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ രാഹുല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്.