KeralaNews

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനാണ് പുതിയ ബില്ല് ; ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാന്‍ കഴിയൂ. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകള്‍ വഹിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദീര്‍ഘകാലം ജയിലില്‍ അടച്ചിരുന്നു. അവര്‍ രാജിവെയ്ക്കാതിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിന് പിന്നില്‍. കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുക, അതിന്റെ പേരില്‍ അയോഗ്യരാക്കുക തുടങ്ങി നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്ന് കൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവരാനും നിയമസഭക്കുമേല്‍ ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരമുണ്ടെന്ന് സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളില്‍ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവെക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button