NationalNews

ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകും ; ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ, ബില്ല് അവതരണം പൂർത്തിയാക്കിയത് അമ്പതോളം മാർഷൽമാരുടെ കാവലിൽ

ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ ബിൽ പൂർണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്. മാർഷൽമാരെ അണിനിരത്തിയതോടെ ഇവർക്കെതിരെ കൂവിവിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയായിരുന്നു. ബിൽ അവതരണത്തിന് ശേഷം ലോക്സഭ 5 മണിവരെ നിർത്തിവച്ചു. പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്.

നാടകീയ രം​ഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. മൂന്നാം നിരയിൽ ഇരുന്നായിരുന്നു അമിത് ഷാ ബില്ലവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതി. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്പിച്ചെന്ന്‌ തൃണമൂൽ കോൺഗ്രസും പരാതി നൽകി. പേപ്പറിനുള്ളിൽ പ്രതിപക്ഷം കല്ല് പൊതിഞ്ഞു കൊണ്ട് വന്നെന്ന് ബിജെപിയും ആരോപിച്ചു. അമിത് ഷാ സംസാരിച്ചപ്പോൾ മൈക്ക് പിടിച്ചു തകർക്കാൻ നോക്കിയെന്നും പരാതിയിലുണ്ട്. അതേസമയം, അംഗങ്ങൾക്കെതിരെ സ്പീക്കർ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണ്.

ബില്ല് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ഒവൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു. ബില്ല് അംഗങ്ങൾക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയ എൻകെ പ്രേമചന്ദ്രൻ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. ഫെഡറൽ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും പ്രതികരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button