അമീബിക് മസ്തിഷ്‌കജ്വരം; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം

അപൂര്‍വ്വ രോഗമായ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിലാണ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കുഞ്ഞിന്റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികാരികളെ ആശങ്കയിലാക്കുന്നത്. കിണര്‍ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് സമീപപ്രദേശങ്ങളിലെ കിണറുകള്‍ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ ഒരു യുവാവും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഈ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒൻപതു വയസ്സുകാരി മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകൾ ഉൾപ്പെടെ കൂടുതൽ പേരുടെ പരിശോധനകൾ മെഡിക്കൽ കോളേജിൽ നടക്കുന്നുണ്ട്. ജലത്തിലൂടെ പകരുന്നതും വളരെ വേഗത്തിൽ ജീവന് ഭീഷണിയാകുന്നതുമായ ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ചും അത് തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകാനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അധികൃതർ വ്യക്തമാക്കുന്നു.