KeralaNews

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണം ; പി പി ദിവ്യക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചുമതലയില്‍ ഉണ്ടായിരുന്ന കാലത്ത് ഉയര്‍ന്ന് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അട്ടിമറിയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും ബിനാമി ഇടപാടുകളില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പരാതി സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പരാതിക്കാരന്റെ മൊഴി പോലുമെടുത്തില്ല. ഉന്നത ഇടപെടലിന്റെ ഫലമായി പരാതി അട്ടിമറിയ്ക്കപ്പെട്ടെന്നുമാണ് കെഎസ് യു നേതാവ് ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

ഭര്‍ത്താവിന്റെ പേരില്‍ ഉള്‍പ്പെടെ പി പി ദിവ്യ ബിനാമി പേരില്‍ ഭൂമികള്‍ വാങ്ങിക്കൂട്ടിയെന്നും ഇതുള്‍പ്പെടെ അഴിമതികളുമായി ബന്ധപ്പെട്ട് രേഖകളും തെളിവുകളും സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി ആറുമാസം പിന്നിട്ടിട്ടും പരാതിയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യോഗേഷ് ഗുപ്തയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും ഡിജിപി നിയമനത്തില്‍നിന്നുള്‍പ്പെടെ തഴയുകയും ചെയ്‌തെന്നും കെഎസ് യു നേതാവ് ചൂണ്ടിക്കാട്ടുന്നു. വിഷയത്തിന്റെ ഗൗരവവും അഴിമതിയുടെ വ്യാപ്തിയും കണക്കിലെടുത്തുകൊണ്ടാണ് തെളിവുകള്‍ സഹിതം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button