
വോട്ടര്‍ പട്ടിക വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയ വാനരര്‍ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയിൽ നോക്കിയുള്ളതാണെന്നും അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷൻ ജോസഫ് പറഞ്ഞു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവിൽ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ്. കേന്ദ്രമന്തി സുരേഷ് ഗോപിയുടെ പരാമർശം കണ്ണാടിയിൽ നോക്കിയുള്ളതാണ്. സുരേഷ് ഗോപി അനധികൃതമായി ചേർത്ത വോട്ടുകളെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞത്. ജയിച്ചു മന്ത്രിയായി. ഇതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി പറയേണ്ടത് ജനപ്രതിനിധിയാണ്. ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടർമാരെയും ജനങ്ങളെയും അവഹേളിച്ചു.തെറ്റ് പറ്റിയപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടി നൽകിയ മറുപടിയാണിത്. എന്ത് പദപ്രയോഗം നടത്തിയാലും കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. സുരേഷ് ഗോപി ഇനിയെങ്കിലും കണ്ണാടിയിൽ നോക്കാതെ മറുപടി പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. പലസ്ഥലങ്ങളിലും വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിച്ചത് കുറ്റസമ്മതമാണ്.
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഇപ്പോഴും സംശയിക്കുന്നു. പരിശോധനകൾ പൂർത്തിയാകുന്നതിനുശേഷം അക്കാര്യങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നും പാർലമെൻറ് തെരഞ്ഞെടുപ്പ് തൃശ്ശൂരിൽ കോൺഗ്രസിന് വീഴ്ചകൾ സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലാര്‍ ബാബുവിന്റെ രാജി ഫേസ്ബുക്കിലൂടെയാണ് അറിയുന്നതെന്നും കാര്യം എന്താണെന്ന് അറിയില്ലെന്നും ഇപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.