
വോട്ടർപട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും അംഗങ്ങളും വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദ്ദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ ശേഷമാണ് അന്തിമരൂപം നൽകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. രാഹുൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നാണ് ആകാംക്ഷ.
രാഹുൽ ഗാന്ധി ബീഹാറിൽ യാത്ര തുടങ്ങുന്ന ഇന്നുതന്നെ കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചതാണ് നിർണായകം. നേരത്തെ വോട്ടർപട്ടികയിൽ അഞ്ചു ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്മീഷന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
അതേസമയം വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കം. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്താകും എന്നതും കണ്ടറിയണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിനുള്ള മറുപടിയാകുമോ രാഹുലിന്‍റെ പ്രതികരണം എന്നറിയാനായി രാജ്യം ഉറ്റുനോക്കുമെന്നുറപ്പാണ്. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ സമാപന റാലി നടക്കുക.