ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ 12 കാരനെ പുള്ളിപുലി ആക്രമിച്ചു

ബെംഗളൂരു ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ (ബിഎന്‍പി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പില്‍ പാര്‍ക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടര്ന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് നഖം കൊണ്ട് പോറല്‍ ഏല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തെത്തുടര്‍ന്ന്, ബിഎന്‍പി അധികൃതര്‍ ഉടന്‍ തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നല്കി. മറ്റെന്തെങ്കിലും പരുക്കുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സഫാരി ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ക്ക് അറിയിച്ചു. ബൊമ്മസാന്ദ്രയില്‍ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി നേരില്‍ കണ്ട് വിവരങ്ങള്‍ തിരക്കി.



