അമ്മ സംഘടനയില്‍ ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കും: ശ്വേത മേനോന്‍

കൊച്ചി: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോന്‍. സംഘടനയില്‍ ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു. കേസിലൂടെ ശ്വേതയെ തളര്‍ത്താനാകില്ലെന്നായിരുന്നു ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്റെ പ്രതികരണം. കുടുംബാംഗങ്ങള്‍ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടെന്നും ശ്രീവത്സന്‍ വ്യക്തമാക്കി.
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞപ്പോള്‍ പ്രസിഡന്റായി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 504 അംഗങ്ങളുള്ള സംഘടനയില്‍ വോട്ടെടുപ്പില്‍ വലിയ ഇടിവാണ് കണ്ടത്. കഴിഞ്ഞ തവണ 357 പേര്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. ഇത്തവണ അത് 298 ആയി കുറഞ്ഞിരുന്നു. ഏറ്റവും കടുത്ത മത്സരം പ്രസിഡന്റ് പദവിയിലേക്ക് നടന്നപ്പോള്‍ 27 വോട്ടിനാണ് ശ്വേത മേനോന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നടന്‍ ദേവനെ പരാജയപ്പെടുത്തിയത്.
പ്രസിഡന്റ് സ്ഥാനത്ത് ശ്വേത മേനോന്‍ 159 വോട്ട് നേടി. അതേസമയം ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ 172 വോട്ട് നേടിയപ്പോള്‍ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 57 വോട്ടാണ് കുക്കു പരമേശ്വരന്റെ ഭൂരിപക്ഷം. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ണി ശിവപാല്‍ 167 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.