National

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് നാളെ തുടക്കം

വോട്ട് കൊള്ളയ്ക്കും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് നാളെ തുടക്കം. ബിഹാറിലെ സാസാരാമില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവും യാത്രയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുള്‍പ്പടെ ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ തുടങ്ങിയവര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കും. രണ്ടാഴ്ച 30 മണ്ഡലങ്ങളിലൂടെയാണ് യാത്ര.

ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ എന്നിവിടങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോകും. അറയില്‍ 30ാം തിയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കും. യാത്ര ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഉയര്‍ത്തി സംസ്ഥാന തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. വോട്ട് ചോരി എന്ന പേരില്‍ പ്രസന്റേഷന്‍ ഉള്‍പ്പടെ തയാറാക്കിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. ചില തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ ആളുകളെ അഞ്ചുമാസം കൊണ്ട് ചേര്‍ത്തു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നു. വോട്ടര്‍ പട്ടിക നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു – തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button