NewsSports

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും ; മോദിയുമായി കൂടിക്കാഴ്ച നടത്തും

അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്‍‍‍റെയും അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു

ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദർശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സതാദ്രു ദത്ത പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായുള്ള വീഡിയോയും മെസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. ഇന്ത്യയിൽ സന്ദർശിക്കുന്ന നഗരങ്ങൾ അടക്കം വീഡിയോയിൽ പരാമർശിക്കും.

മെസിയുടെ കൂടെ ഇന്‍റര്‍ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരുമുണ്ടായേക്കാമെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുപറയാനാവില്ലെന്ന് ദത്ത പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 28നാണ് മെസിയുടെ വസതിയിലെത്തി പിതാവ് ജോര്‍ജെ മെസിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കിടെ മെസിയുമായും സംസാരിച്ചിരുന്നുവെന്നും ദത്ത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button