തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചന ; വ്യാജ രേഖ ചമച്ചത് പോലീസിനുള്ളിലുള്ളവർ: എം. ആർ അജിത് കുമാര്‍

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണറായ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചനയാണ്. തനിക്കെതിരെ വ്യാജരേഖകള്‍ ചമച്ചത് പൊലീസിനുള്ളില്‍ നിന്നു തന്നെയാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അജിത് കുമാര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ആവശ്യപ്പെടുന്നു.
കവടിയാറില്‍ വീട് നിര്‍മ്മിച്ച ഭൂമി അനധികൃതമായി സമ്പാദിച്ചതല്ല. ഭാര്യാപിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യയ്ക്ക് നല്‍കിയതാണെന്ന് അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തനിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഇഷ്ടപ്പെടാത്ത പൊലീസിലെ ഏതാനും ഉദ്യോഗസ്ഥരും പി വി അന്‍വറും ചേര്‍ന്നുള്ള ഗൂഢാലോചനയെത്തുടര്‍ന്നാണ് തനിക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും അജിത് കുമാര്‍ പറയുന്നു.
പി വി അന്‍വറുമായി അനുനയ ചര്‍ച്ച നടത്തിയിരുന്നുവെന്നും എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. അന്‍വര്‍ ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ചര്‍ച്ച നടന്നത്. പി വി അന്‍വറിന്റ ഗൂഢതാല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും എം ആര്‍ അജിത് കുമാര്‍ ആരോപിക്കുന്നു.
ഫ്‌ലാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതാണ്. ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല. കവടിയാറിലെ ഭൂമി തന്റെ ഭാര്യയ്ക്ക് ലഭിച്ച സമയത്തും. അവിടെ വീടു നിര്‍മ്മാണം ആരംഭിക്കാന്‍ തുടങ്ങിയപ്പോഴും അക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം സര്‍ക്കാരിലുണ്ടെന്നും എം ആര്‍ അജിത് കുമാര്‍ പറയുന്നു.