NationalNews

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും കനത്ത പിഴയും; ‘മതസ്വാതന്ത്ര്യ ഭേദഗതി’ ബില്ലുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ ഭേദഗതി പ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും ഉയര്‍ന്ന പിഴയും ലഭിക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയന്‍ (ഭേദഗതി) ബില്‍-2025 ന് അംഗീകാരം നല്‍കിയത്.

അനധികൃത മതപരിവര്‍ത്തനത്തിന് കഠിനമായ ശിക്ഷ നല്‍കുന്നതിനോടൊപ്പം, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ തടയാനും ഇരകളായവരെ സംരക്ഷിക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥകളുണ്ട്. സമ്മാനങ്ങള്‍, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തുക, മറ്റൊരു മതത്തെ മഹത്വവല്‍ക്കരിക്കുക എന്നിവയെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനങ്ങളായി കണക്കാക്കും. ഇത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങള്‍, മെസ്സേജിങ് ആപ്പുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും പുതിയ ബില്‍ പ്രകാരം ശിക്ഷാര്‍ഹമാണ്.

പൊതുവായ നിയമലംഘനങ്ങള്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും, ദുര്‍ബല വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അഞ്ച് മുതല്‍ പതിനാല് വര്‍ഷം വരെ തടവും ലഭിക്കും. ഗുരുതര കേസുകളില്‍ ഇരുപത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും കനത്ത പിഴയും ശിക്ഷയായി ലഭിക്കും.

വ്യാജ ഐഡന്റിറ്റി ഉണ്ടാക്കിയോ മതം മറച്ചുവെച്ചോ വിവാഹം ചെയ്യുന്നത് പുതിയ ബില്‍ പ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കൂടാതെ, അനധികൃത മതപരിവര്‍ത്തനത്തിന് ഇരയായവര്‍ക്ക് സംരക്ഷണം, പുനരധിവാസം, വൈദ്യസഹായം, യാത്രാ-നിര്‍വഹണ ചെലവുകള്‍ എന്നിവ നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം പൗരന്മാരുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, വഞ്ചന, പ്രലോഭനം, സമ്മര്‍ദ്ദം എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനം തടയുമെന്നും സാമൂഹിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button