ധർമ്മസ്ഥലയിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന; റഡാർ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

ധർമ്മസ്ഥലയിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന. പതിമൂന്നാം പോയിന്‍റിലും പുതിയ വിവരങ്ങൾ കിട്ടിയില്ലെങ്കിൽ അന്വേഷണം തുടരുന്നതിൽ അർത്ഥമില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മന്ത്രിസഭയിൽ ആലോചിച്ച് ഉചിത തീരുമാനമെന്ന് മുഖ്യമന്ത്രി. റഡാർ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല.
പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ എസ്ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നിയമസഭയിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭയിൽ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തി. അന്വേഷണം തുടരുന്നതിലെ ഔചിത്യം ആരാഞ്ഞു. അതേസമയം, ഇന്നലത്തെ തെരച്ചിലും വിഫലമായിരുന്നു. മണ്ണ് നീക്കി ജിപിആർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചില്ല. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിന്‍റിലാണ് ഇന്നലെ പരിശോധന നടത്തിയത്.