
ആര്‍എസ്എസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. ഭാരതാംബയെന്ന പേരില്‍ ഏതോ ഒരു സ്ത്രീയുടെ കൈയ്യില്‍ കാവി കൊടി പിടിപ്പിച്ചു ഔദ്യോഗിക പരിപാടികള്‍ക്കു മുന്നോടിയായി തൊഴുകയാണ് രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍. ഇന്ത്യയില്‍ തങ്ങള്‍ ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരായ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു തങ്ങളുടെ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണവര്‍.
രാജ്ഭവനില്‍ ഏതു പരിപാടി തുടങ്ങുമ്പോഴും ഏതോ ഒരു സ്ത്രീ കൈയില്‍ കാവിക്കൊടിയേന്തിയ ചിത്രത്തിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു തൊഴുന്നു. എന്തെങ്കിലും ചേലുള്ള പതാകയാണോയത്. ആര്‍എസ്എസിന്റെ പതാക കോണകം പോലെയാണ് തോന്നുന്നത്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണറുടെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് കേരളത്തിന്റെ അഭിമാനമുയര്‍ത്തിയെന്ന് ജയരാജന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെയും മതേതതരത്വവുമല്ല മനു സ്മൃതിയാണ് അവരുടെ ഗ്രന്ഥമെന്നും ജയരാജന്‍ പറഞ്ഞു.
സി സദാനന്ദന്‍ എം.പി യുടെ വധശ്രമ കേസില്‍ എട്ടു സിപിഎം പ്രവര്‍ത്തകരെ ജയിലില്‍ അടച്ച സംഭവത്തില്‍ സിപിഎം പഴശിസൗത്ത് ലോക്കല്‍ കമ്മിറ്റി ഉരുവച്ചാല്‍ ടൗണില്‍ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.