KeralaNews

ട്രംപിൻറെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിച്ച് ഇന്ത്യ; അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ എന്നിവയ്ക്ക് പകരം തീരുവ ഈടാക്കാൻ ആലോചന

ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻറെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാ‍ർ വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻറെ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. നാലു ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്കിയത്. എന്നാൽ ഇതു മാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉല്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം ശക്തമാണ്.

അമേരിക്കയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളിൽ തീരുവ ഏർപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലോകവ്യാപാര കരാറിൻറെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങൾക്കും തീരുവ കുത്തനെ ഉയർത്താനുള്ള നിർദേശവും പരിഗണനയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button