
ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ബജ്‌റംഗ്ദൾ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തിൽ ബിജെപി എന്ത് നയതന്ത്രം കൊണ്ടുവന്നാലും സത്യം എല്ലാവർക്കും അറിയാമെന്നും പുള്ളിമാന്റെ പുള്ളി തേച്ചാൽ പോകുമോ എന്നും മന്ത്രി പ്രതികരിച്ചു. ബിജെപി എന്താണെന്ന് അറിയുന്നവർക്ക് ഇതൊരു അത്ഭുതമേയല്ല. ആഭ്യന്തര ശത്രുക്കളായി സംഘപരിവാർ കണ്ട മൂന്ന് പേരിൽ ഒന്നാണ് മിഷണറിമാർ. കേരളത്തിൽ ബിജെപി മറ്റൊരു മുഖം നൽകാൻ ശ്രമിച്ചാൽ അതിലൊരു കാര്യവുമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ കേക്ക് മുറിക്കുകയും, കേരളത്തിന് പുറത്ത് മറ്റെന്തെങ്കിലും മുറിക്കുകയും ചെയ്യുന്ന രീതി ആളുകൾക്ക് മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രഹാം സ്റ്റെയ്ൻസ് ഇന്നും ഒരു ഓർമയായി നമ്മുടെ മുൻപിൽ നിൽക്കുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല ഇത്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയത്തിനേൽക്കുന്ന പോറലാണ് ഈ സംഭവങ്ങൾ എന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകൾ മലയാളികളായതുകൊണ്ടാണ് ഈ വിഷയം ചർച്ചയാകുന്നത്. കേരളത്തിലെ ബിജെപിയിൽ ചിലർക്ക് മാത്രമാണ് ക്രൈസ്തവർക്ക് കേക്ക് കൊടുക്കണമെന്ന അഭിപ്രായമുള്ളത്. ബാക്കി എല്ലാവരും ഉത്തരേന്ത്യയിൽ നടക്കുന്നതിനെ അനുകൂലിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആളുകളെ പറ്റിക്കാൻ ഉള്ള ശ്രമമാണ് ബിജെപി നടത്തുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപി ഭരിക്കുന്ന ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരെ ബജ്‌റംഗ്ദൾ ആക്രമണം ഉണ്ടാകുന്നത്.ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്. 70 പേരടങ്ങുന്ന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാർഷികത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ആക്രമണത്തിൽ പ്രതിഷേധവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. നിയമത്തെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ശക്തമായ നടപടിയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കണമെന്നും സിറോ മലബാര്‍ സഭ എടുത്തുപറയുന്നുണ്ട്.