Religion

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കണം; വീണ്ടും നിര്‍ദേശം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല.

നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായര്‍ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം?ഗങ്ങള്‍ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിര്‍ദേശം മാറ്റിവെച്ചു.

ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button