NationalNews

അമേരിക്കയ്ക്ക് മുന്നിൽ മുട്ട് മടക്കില്ല ; കർഷകരുടെ താൽപര്യമാണ് രാജ്യത്തിന് മുഖ്യം : പ്രധാനമന്ത്രി

അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കാതെ ഇന്ത്യ. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“കർഷകരുടെ താൽപര്യമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാൻ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം. ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഉയർത്തുന്നത് ആലോചിക്കുന്നുണ്ട്. എന്നാൽ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സർക്കാർ മുതിരില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവര്‍ത്തിക്കുന്നു. ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യ കാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, അമേരിക്കയ്ക്ക് നല്‍കേണ്ട തീരുവ ഞാന്‍ ഉയര്‍ത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button