ജംബോ കമ്മിറ്റിക്ക് സാധ്യതയെന്ന് കെപിസിസി; ഭാരവാഹികളുടെ എണ്ണം നൂറ് കടന്നേക്കും

തിരുവനന്തപുരം: വീണ്ടും ജംബോ കമ്മിറ്റിക്കുള്ള സാധ്യത വ്യക്തമാക്കി കെപിസിസി. ഭാരവാഹികളുടെ എണ്ണം നൂറ് കടന്നേക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവിലെ തീരുമാന പ്രകാരം പത്ത് വൈസ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താനാണ് ധാരണ. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 35 ആയി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. 80ല്‍ കൂടുതല്‍ ജനറല്‍ സെക്രട്ടറിമാരെങ്കിലും ഉണ്ടാകുമെന്നും സൂചനകളില്‍ നിന്ന് വ്യക്തമാകുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഭാരവാഹികളുടെ എണ്ണം കൂട്ടാനുള്ള തീരുമാനമായത് എന്നാണ് കെപിസിസി വിശദമാക്കുന്നത്. ജംബോ കമ്മിറ്റിക്കുള്ള സാധ്യത കൂടാതെ കൂടുതല്‍ ആളുകളെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനും തീരുമാനമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളാണ് സംസ്ഥാന നേതൃത്വത്തിലേക്കുള്ള ആളുകളുടെ പേരുകള്‍ നിര്‍ദേശിച്ചത്.
മുന്‍പ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരിക്കെ സമാനമായ രീതിയില്‍ ഭാരവാഹികളുടെ എണ്ണം നൂറ് കടന്നിരുന്നു. അന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കമ്മിറ്റി കൃത്യമായി വിളിച്ച് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി വന്നിരുന്നു. കെ സുധാകരന്‍ അധ്യക്ഷനായിരിക്കെ ജംബോ കമ്മിറ്റി ഉണ്ടായിരുന്നില്ല. 23 ജനറല്‍ സെക്രട്ടറിമാരായിരുന്നു അന്ന് ഉണ്ടായിരുന്നത്.