വന്ദേഭാരത് ട്രെയിനുകളില്‍ തീവണ്ടി സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഇനി തീവണ്ടി സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങള്‍ വരുത്തി.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്രക്കാരുടെ ആയാസരഹിത യാത്ര ഉറപ്പാക്കുക, തടസ്സമില്ലാതെയുള്ള കറന്റ് ബുക്കിങ്ങ് കാര്യക്ഷമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള ട്രെയിനുകളിലാണ് പുതിയ പരിഷ്‌കാരം ആദ്യഘട്ടമെന്ന നിലയില്‍ കൊണ്ടു വന്നിരിക്കുന്നത്.
ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന എട്ടു വന്ദേഭാരത് ട്രെയിനുകളില്‍, ട്രെയിന്‍ പുറപ്പെട്ട ശേഷവും മധ്യേയുള്ള സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുമ്പു വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ എടുക്കാവുന്നതാണെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ ട്രെയിന്‍ തുടക്ക സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു കഴിഞ്ഞാല്‍, മധ്യേയുള്ള സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പരിമിതികളുണ്ടായിരുന്നു. പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകള്‍ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ നിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാരുന്നതാണ് ദക്ഷിണ റെയില്‍വേയുടെ ഈ നടപടി.