കലാഭവന്‍ നവാസിന് സിനിമ ഷൂട്ടിങ് സെറ്റില്‍ വച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് സിനിമ ഷൂട്ടിങ് സെറ്റില്‍ വച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍. ഡോക്ടറെ വിളിച്ച് സംസാരിച്ചെങ്കിലും ഷൂട്ടിന് ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്ന് കരുതി നവാസ് അഭിനയം തുടര്‍ന്നുവെന്നും വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘സെറ്റില്‍ വെച്ച് നെഞ്ചുവേദനയുണ്ടായി എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയില്‍ പോകാതെ അഭിനയ ജോലിയില്‍ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷേ, അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു. വേദന വന്ന സമയത്തെ ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി’ – വിനോദ് കോവൂര്‍ കുറിച്ചു.
പ്രകമ്പനം എന്ന സിനിമയിലാണ് നവാസ് ഒടുവില്‍ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വെള്ളിയാഴ്ച ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.