
കലാഭവന്‍ നവാസിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലില്‍ മലയാള സിനിമാ ലോകം. മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ്. മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു. മലയാളികൾകൾക്കും ഏറെ പരിചിതമായ മുഖമായിരുന്നു അദ്ദേഹത്തിന്റെത്.
നാടകം, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്ര നടൻ, ഗായകൻ, ഹാസ്യ നടൻ, മിമിക്രി ആർട്ടിസ്റ്റ് എന്നി നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. മിമിക്സ് ആക്ഷൻ 500, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദമാമ, തില്ലാന തില്ലാന, വെട്ടം അടക്കം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്. മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പം നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. നടി രഹനയാണ് നവാസിന്റെ ഭാര്യ. അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധ സിനിമ നടനായിരുന്ന അബൂബക്കർ.
ഇടക്കാലത്ത് സിനിമയിൽ നിന്നു വിട്ടുനിന്നിരുന്നു. പിന്നീട് സമീപ കാലത്ത് വീണ്ടും സിനിമകളിൽ സജീവമായി. ഈയടുത്ത് റിലീസ് ചെയ്ത ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലൻ അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിലും നവാസ് നിറ സാനിധ്യമായിരുന്നു.