
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. മൂവായിരം (3000) കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.
കേസിൽ ചൊവ്വാഴ്ച അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ സാധാരണ ലുക്കൗട്ട് നോട്ടീസുകൾ പതിക്കാറുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ അന്വേഷണ ഘട്ടത്തിൽ രാജ്യം വിടുന്നത് തടയാൻ വേണ്ടിയാണ് ഇത്.
റിലയൻസ് ഗ്രൂപ്പിന് ലഭിച്ച 3000 കോടി രൂപ വായ്പ വകമാറ്റി ചെലവഴിച്ചെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. 2017 നും 2019 നും ഇടയിലാണ് യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പിന് ഇത്രയും തുക വായ്പയായി ലഭിച്ചത്. ബാങ്കിൻ്റെ പ്രമോട്ടർമാർക്ക് വായ്പ അനുവദിക്കുന്നതിന് മുൻപ് പണം ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.