കന്യാസ്ത്രീകളുടെ അറസ്റ്റ് ; ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുന്നു. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടാകുന്നത്.
എല്ലാത്തരത്തിലുള്ള നിയമപോരാട്ടങ്ങൾക്കും ഒരുങ്ങിയിരിക്കുക തന്നെയാണ് തങ്ങളെന്ന് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ രാജ്കുമാർ തിവാരി റിപ്പോർട്ടറിനോട് പറഞ്ഞു. സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ സാധിക്കില്ല എന്നിരിക്കെ എങ്ങനെയാണ് കീഴ്കോടതി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തത് എന്ന് രാജ്കുമാർ തിവാരി ചോദിച്ചു. ഈ റിമാൻഡ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാർ തിവാരി കോടതിയെ സമീപിച്ചിട്ടുണ്ട്.
സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.