Cinema

അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യത; ജഗദീഷ് പിന്മാറുമോ?

കൊച്ചി: താരസംഘടനയായ അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും നടന്‍ രവീന്ദ്രന്‍ പിന്മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും നടന്‍ ജഗദീഷും പിന്‍വാങ്ങിയേക്കും. ഈ മാസം 31 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

പിന്മാറുന്നതു സംബന്ധിച്ച് മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും, അവരുടെ അനുമതി ലഭിച്ചാല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്നും ജ?ഗദീഷ് സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത വരട്ടെയെന്നും ജഗദീഷ് സൂചിപ്പിച്ചതായാണ് വിവരം. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക്, മത്സരരംഗത്തുള്ള ശ്വേത മേനോന് സാധ്യതയേറുന്നതായാണ് സൂചന.

ജഗദീഷ് ഉള്‍പ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നുണ്ട്.

അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ലക്ഷ്മിപ്രിയ, നവ്യ നായര്‍, കുക്കു പരമേശ്വരന്‍, ആശ അരവിന്ദ്, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. അതേസമയം, ലൈംഗിക ആരോപണ വിധേയനായ നടന്‍ ബാബുരാജ് മത്സരരംഗത്തു നിന്നും മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന നടിയായ മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരരംഗത്തു നിന്നും മാറി നിന്ന് ബാബുരാജ് മാതൃക കാണിക്കണമെന്ന് മല്ലിക പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button