സംരക്ഷിത വന മേഖലകളില്‍ സിനിമ, ടിവി സീരിയല്‍ ഷൂട്ടിങ്ങിനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധം: ഹൈക്കോടതി

സംരക്ഷിത വന മേഖലകളില്‍ വാണിജ്യ സിനിമ, ടിവി സീരിയല്‍ ഷൂട്ടിങ്ങിനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേശീയ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, കടുവ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ വാണിജ്യ സിനിമ, സീരിയലുകള്‍ ചിത്രീകരിക്കാന്‍ അനുമതി നല്കിയ 2013ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പുതിയ നിര്‍ദേശങ്ങള്‍ നാലാഴ്ചയ്ക്കകം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കാനും കോടതി ഉത്തരവിട്ടു. ഭാവിയില്‍ ഇത്തരം ചിത്രീകരണങ്ങള്‍ അനുവദിച്ചുകൊണ്ട് ഭേദഗതി കൊണ്ടുവരികയോ നിയമനിര്‍മാണം നടത്തുകയോ ചെയ്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു.
2019ല്‍ മലയാള സിനിമയായ ‘ഉണ്ട’യുടെ ചിത്രീകരണത്തിനു കാസര്‍കോട് കാറഡുക്ക വനമേഖല ഷൂട്ടിങ്ങിനായി വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കോടതി ഉത്തരവിലേക്ക് നയിച്ചത്. ഷൂട്ടിങ് സംഘം കാറഡുക്ക റിസര്‍വ് വനമേഖലയില്‍ വലിയ തോതില്‍ ചുവന്ന മണ്ണ് എത്തിച്ച് റോഡ് ഉണ്ടാക്കുകയും സെറ്റുകള്‍ക്ക് വേണ്ടി നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ കേന്ദ്രമായ ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കോടതി ഇടപെടല്‍.




