
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിറോ മലബാർ സഭാ പിആർഒ ഫാദർ ടോം ഓലിക്കരോട്ട്. ഭാരതത്തിന്‍റെ മതേതര ഭരണഘടനയാണ് വിചാരണ ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഷനറിമാർ നടത്തുന്നത് നിസ്വാർത്ഥ സേവനമാണ്. മതം മാറ്റം എന്നത് ദുരാരോപണമാണ്. ക്രൈസ്തവ മിഷണറിമാരുടെ ത്യാഗപൂർവമായ സേവനത്തെ തടയാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
മതേതര ഇന്ത്യയെ പിറകിലോട്ട് കൊണ്ടുപോകുന്ന ഇത്തരം വേട്ടയാടലുകളെ ചെറുത്തുതോൽപ്പിക്കണം. കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കളുടെ പരിചയവും രാഷ്ട്രീയവും സ്വാധീനവും ഈ അവസരത്തിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ കേക്ക് മുറിക്കുന്നു, ഉത്തരേന്ത്യയിൽ കൈവിലങ്ങ് കാണിക്കുന്നു ഇത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ഇരട്ടത്താപ്പെന്നാരോപിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമായി. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും, രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. പാര്‍ലമെന്‍റ് കവാടത്തില്‍ എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക് സഭ, രാജ്യസഭാധ്യക്ഷന്മാരുടെ നിലപാട്