ആദ്യം ഒരു തുണി പുറത്തേക്കിട്ടു, പിന്നീട് സെല്ലിലെ കമ്പിയുടെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങി ; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജൂലൈ 25 ന് പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടുന്നത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ കമ്പിയുടെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നു. സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു.
പുലര്‍ച്ചെ 1.20 കഴിയുന്നതോടെ ഗോവിന്ദചാമി പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്. വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദചാമി ചാടിക്കടന്നത്. ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്
കഴിഞ്ഞ ഒന്നരമാസമായി ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ആസൂത്രണം നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 28 ദിവസത്തോളമെടുത്താണ് സെല്ലിന്റെ അഴികള്‍ മുറിച്ചു മാറ്റിയതെന്നാണ് വിവരം. ഗോവിന്ദചാമി ജയില്‍ചാടിയ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടുന്നത്.




