തദ്ദേശ തെരഞ്ഞെടുപ്പ് : കുറഞ്ഞത് 50 പഞ്ചായത്തുകളിലെങ്കിലും മത്സരിക്കും: ട്വന്റി20

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ 50 ഓളം പഞ്ചായത്ത്, മുനിസിപ്പിലാറ്റി എന്നിവിടങ്ങളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാന്‍ ട്വന്റി20 പദ്ധതിയിടുന്നു. നിലവില്‍ നാല് പഞ്ചായത്തുകളില്‍ ട്വന്റി 20യാണ് ഭരണം നടത്തുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങളുമുണ്ട്. പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ക്ഷേമ പദ്ധതികളും വികസനാധിഷ്ഠിത സമീപനവും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്നാണ് ട്വന്റി20 യൂടെ വിലയിരുത്തല്‍.
‘കുറഞ്ഞത് 50 പഞ്ചായത്തുകളിലെങ്കിലും മത്സരിക്കാനാണ് തീരുമാനം. അതുപോലെ മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും പാര്‍ട്ടി മത്സരിക്കും. മത്സരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളുണ്ടാകും. കേരളത്തിലെ ജനങ്ങള്‍ മറ്റൊരു ബദല്‍ തേടുകയാണ്. ട്വന്റി 20 ശക്തമായ ഒരു പാര്‍ട്ടിയായി മാറിയിരിക്കുന്നു, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയും.” ട്വന്റി20 കോര്‍ഡിനേറ്ററും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു ജേക്കബ് പറഞ്ഞു.
2015ല്‍ രൂപീകൃതമായ ട്വന്റി 20 പാര്‍ട്ടി, അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിക്കുകയും 19 ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും ചെയ്തു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍, എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തില്‍ 18 സീറ്റുകളില്‍ 11 എണ്ണം നേടി. മഴുവണ്ണൂര്‍ പഞ്ചായത്തില്‍ 19 ല്‍ 14 സീറ്റുകളും ട്വന്റി 20 നേടി.