പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവം ; ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് ആന്റിവെനം നല്‍കാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തിയതായാണ് കണ്ടെത്തല്‍. തൃശൂര്‍ പൊയ്യ കൃഷ്ണന്‍കോട്ടയിലാണ് സംഭവം. 2021 മെയ് 24നാണ് കൃഷ്ണന്‍കോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അന്‍വറിന്‍ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ബിനോയിയുടെ മാതാപിതാക്കള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടര്‍ ആ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി.
വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണില്‍ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടര്‍ കുട്ടിയെ പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു തുടങ്ങി ഗുരുതരമായ പരാതികളാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നത്. ആന്റിവെനം ഇല്ലെന്ന ഡോക്ടറുടെ മൊഴിയും കള്ളമായിരുന്നു. വിവരാവകാശരേഖപ്രകാരം ആശുപത്രിയില്‍ ആന്റിവെനമുണ്ടായിരുന്നു എന്ന മറുപടി ലഭിച്ചതായും മാതാപിതാക്കളുടെ ആരോപണമുണ്ട്.
ഈ രേഖകളെല്ലാം വെച്ചാണ് ഡിഎംഒയ്ക്ക് പരാതി നല്‍കിയത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. എന്‍എ ഷീജ, ജില്ല നഴ്സിംഗ് ഓഫീസര്‍ എംഎസ് ഷീജ, ജില്ലമെഡിക്കല്‍ സീനിയര്‍ സൂപ്രണ്ട് ഷൈന്‍കുമാര്‍ എന്നിവരാണ് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.